Blog Post

Karanavars > News > International > ഹോർമുസ് കടലിടുക്കിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം; 21 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം; 21 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും വീണ്ടും കൊടുമുടിയിലെത്തിച്ച് അന്താരാഷ്ട്ര സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ അതിശക്തമായ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് വ്യവസായ-എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഡ്രോൺ, മിസൈൽ, നേവൽ മൈൻ ആക്രമണങ്ങൾ ഉണ്ടായത്. ഇതിൽ 21 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ‘എം.ടി എഐ ദാസ്മ’ (M/T AL DASMA) എന്ന കുവൈറ്റ് പതാകയുള്ള എണ്ണക്കപ്പലും ഉൾപ്പെടുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു.

ഒമാൻ തീരത്തുള്ള ബുകയ്ക്ക് 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇന്നലെ ‘എം.ടി എഐ ദാസ്മ’ എന്ന എണ്ണക്കപ്പലിന് നേരെ പ്രൊജക്റ്റൈൽ ഉപയോഗിച്ചുള്ള അപ്രതീക്ഷിത ആക്രമണമുണ്ടായത്. ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്ത് യാത്ര ചെയ്തെന്നും വിലക്ക് ലംഘിച്ച് അനുമതിയില്ലാത്ത പാതയിലൂടെ കടക്കാൻ ശ്രമിച്ചെന്നുമാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ആരോപണം. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും ചില യാനങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് സമുദ്രമേഖലയെ നടുക്കിയ രീതിയിൽ തുടർച്ചയായ ആക്രമണങ്ങൾ അരങ്ങേറിയത്. ഹോർമുസ് കടലിടുക്ക് തങ്ങൾ ഔദ്യോഗികമായി അടച്ചതാണെന്നും ഇത് ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു യാനത്തിനും നേരെ കടുത്ത നടപടിയുണ്ടാകുമെന്നും ഇറാൻ ഭരണകൂടം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സഖ്യസേനയുടെ സംരക്ഷണം അവകാശപ്പെടുമ്പോഴും വൻകിട എണ്ണക്കപ്പലുകൾ കടന്നുപോകുന്ന മേഖലയിലെ ഈ അപ്രതീക്ഷിത തിരിച്ചടി ആഗോള സമുദ്രഗതഗതത്തെയും ഇന്ധനവിപണിയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും സംയുക്തമായി കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് സർബാനന്ദ സോണോവാൾ വ്യക്തമാക്കി. ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കടലിടുക്കിൽ സഞ്ചരിക്കുന്ന ഇന്ത്യൻ ജീവനക്കാർക്ക് ആവശ്യമായ അടിയന്തര സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *