Blog Post

Karanavars > News > Flight > ബോംബ് ഭീഷണി: വിയന്ന വിമാനം ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരും ക്രൂവും സുരക്ഷിതർ

ബോംബ് ഭീഷണി: വിയന്ന വിമാനം ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരും ക്രൂവും സുരക്ഷിതർ

ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം ഇന്നലെ രാത്രി ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 51 യാത്രക്കാരും 6 ജീവനക്കാരുമടക്കം 57 പേരാണ് എയർബസ് എ320 വിമാനത്തിൽ ഉണ്ടായിരുന്നത്. ഭീഷണി സന്ദേശം ഉയർന്ന ഉടൻ തന്നെ ബൾഗേറിയൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം സർവീസിന് അകമ്പടിയേകുകയും സുരക്ഷിതമായി സോഫിയ എയർപോർട്ടിൽ ലാൻഡിംഗ് നടത്താൻ വഴിയൊരുക്കുകയും ചെയ്തു. വിമാനം ലാൻഡ് ചെയ്തയുടൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ബൾഗേറിയൻ സുരക്ഷാ സേനയും ബോംബ് സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി.

പ്രാരംഭ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ സ്ഫോടകവസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.ഇസ്രയേൽ വ്യോമാതിർത്തിക്ക് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സ്ഥിതിഗതികൾ ബൾഗേറിയൻ അധികൃതർ നിയന്ത്രണവിധേയമാക്കിയതായും ഇസ്രയേൽ എയർഫോഴ്സും എയർപോർട്ട് അധികൃതരും വ്യക്തമാക്കി. യാത്രക്കാരെ തുടർയാത്രയ്ക്കായി ബദൽ വിമാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഓസ്ട്രിയൻ എയർലൈൻസ് സ്വീകരിച്ചുവരികയാണ്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *