സാധാരണയായി സെപ്റ്റംബറിലെ വാർഷിക ചടങ്ങിൽ എല്ലാ ഐഫോൺ മോഡലുകളും ഒരുമിച്ച് അവതരിപ്പിക്കുന്ന രീതി മാറ്റിവെച്ച്, പ്രോ സീരീസും ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോയും മാത്രം അവതരിപ്പിച്ച് വിപണിയെ അമ്പരപ്പിച്ചിരിക്കുകയാണ് ആപ്പിൾ. എന്നാൽ, ജനപ്രിയ സ്റ്റാൻഡേർഡ് ഐഫോൺ 18 സീരീസിനായുള്ള കാത്തിരിപ്പ് നീളുമെന്നാണ് പുറത്തുവരുന്ന പുതിയ വിപണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ പ്രമുഖ ടിപ്സ്റ്റർ ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, സ്റ്റാൻഡേർഡ് ഐഫോൺ 18-ന്റെ വൻതോതിലുള്ള ഉൽപ്പാദനം 2026 നവംബർ അവസാനത്തോടെ മാത്രമേ ആരംഭിക്കൂ.
ഇതിനെത്തുടർന്ന്, 2027 മാർച്ചിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫോൺ വിപണിയിലെത്തിക്കാനാണ് ആപ്പിളിന്റെ തീരുമാനം. താരതമ്യേന വില കുറഞ്ഞ ഐഫോൺ 18ഇ, ഐഫോൺ എയർ 2 എന്നീ ഫോണുകൾക്കൊപ്പമായിരിക്കും സ്റ്റാൻഡേർഡ് ഐഫോൺ 18 വിപണിയിലെത്തുക. വലിയ രീതിയിലുള്ള ഉപഭോക്തൃ ആവശ്യകത മുന്നിൽ കണ്ട് മുൻകൂട്ടി സ്റ്റോക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർമ്മാണ സമയക്രമം എന്നാണ് റിപോർട്ടുകൾ വ്യക്താക്കുന്നത്.
സവിശേഷതകളുടെ കാര്യത്തിൽ, ആപ്പിളിന്റെ പുതിയ എ20 ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. 120 ഹെർട്സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.3 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേ, മികച്ച ഐഐ ഫീച്ചറുകൾക്കായി 9 ജിബി വരെയുള്ള റാം, കാര്യക്ഷമമായ കണക്റ്റിവിറ്റിക്കായി സി2 മോഡം എന്നിവ ഇതിൽ ഉണ്ടാകുമെന്നാണ് സൂചന. ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും സ്ഥാനം പിടിക്കുക.
ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ച് ആപ്പിൾ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഘടകഭാഗങ്ങളുടെ നിർമ്മാണച്ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിൽ മുൻ തലമുറയിലെ ഫോണുകളേക്കാൾ ഉയർന്ന വില പ്രതീക്ഷിക്കാം. മുൻ മോഡലുകൾക്ക് വിപണിയിലുള്ള വിലവാരം കണക്കാക്കുമ്പോൾ, സ്റ്റാൻഡേർഡ് ഐഫോൺ 18 ഏകദേശം 99,900 രൂപയിൽ ആരംഭിച്ച് വിപണിയിലെത്താനാണ് സാധ്യത.