തിരുവനന്തപുരം അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഉണ്ടായ അതിഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്ന് അപസ്മാര രോഗിയായ യുവാവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അണ്ടൂർക്കോണം സ്വദേശിയും ഓട്ടിസം ബാധിതനുമായ അംബരീഷ് (27) എന്ന യുവാവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ജീവനുവേണ്ടി പോരാടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച അണ്ടൂർക്കോണം സി.എച്ച്.സിയിലെ ഫാർമസിയിൽ നിന്ന് അംബരീഷിന് അപസ്മാരത്തിന് നൽകേണ്ട മരുന്നിന് പകരം തീവ്ര മനോരോഗങ്ങൾക്ക് നൽകുന്ന ഉയർന്ന ഡോസിലുള്ള മരുന്ന് മാറി നൽകുകയായിരുന്നു. അപസ്മാര രോഗത്തിന് പതിവായി കഴിക്കുന്ന ‘ക്ലോബാസം’ (10 mg) എന്ന മരുന്നിന് പകരമായി ആന്റി സൈക്കോട്ടിക് വിഭാഗത്തിൽപ്പെടുന്ന ‘ക്ലോസപിൻ’ (100 mg) എന്ന മരുന്നാണ് ഫാർമസിയിൽ നിന്നും നൽകിയത്.
ആശുപത്രിയിൽ നിന്നു ലഭിച്ച മരുന്ന് കഴിച്ചതിന് പിന്നാലെ യുവാവ് അബോധാവസ്ഥയിലാവുകയായിരുന്നു. അപസ്മാരത്തിനുള്ള മരുന്ന് മുടങ്ങിയതും മാറി കഴിച്ച മരുന്നിന്റെ പാർശ്വഫലങ്ങളും യുവാവിന്റെ ആരോഗ്യനില അതീവ വഷളാക്കി. ഉമിനീര് ശ്വാസനാളത്തിലേക്ക് ഇറങ്ങി ന്യുമോണിയ ബാധിക്കുകയും ഹൃദയഭിത്തികൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തതോടെയാണ് യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റിലും മരുന്ന് മാറി നൽകിയതാണ് ആരോഗ്യസ്ഥിതി ഗുരുതരമാക്കിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ അംബരീഷിന്റെ കുടുംബം ഇന്നലെ പോത്തൻകോട് പോലീസിലും ജില്ലാ മെഡിക്കൽ ഓഫീസർക്കും (ഡി.എം.ഒ) ഔദ്യോഗികമായി പരാതി നൽകി. ഇന്നലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫാർമസിസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഡി.എം.ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം വാർത്തയായതോടെ ഇന്ന് പോലീസ് ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.