സംസ്ഥാനത്ത് വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം എത്തുന്നു. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദവും തമിഴ്നാട് തീരത്തോട് ചേർന്നുനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണ്ണമായി പിൻവാങ്ങുന്നതോടെ തുലാവർഷത്തിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടും.
വരുന്ന ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി, നാളെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. തുലാവർഷത്തിന്റെ വരവറിയിച്ച് ഒക്ടോബർ 15-ാം തീയതിയായ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
തുടർന്നുള്ള ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ, ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.