Blog Post

Karanavars > News > Keralam > കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് പ്രത്യേക ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണം. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും, മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കൂടാതെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ തോതിലുള്ള മഴ ലഭിച്ചേക്കാം. നിലവില്‍ കേരളത്തിലെ ഒരു ജില്ലകളിലും പ്രത്യേക റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വരുന്ന ഒക്ടോബർ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരാനാണ് സാധ്യത.

കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി അന്തരീക്ഷത്തില്‍ രൂപംകൊണ്ട ഇരട്ട ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്നും മധ്യവടക്കന്‍ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമര്‍ദ്ദ പാത്തി ഉള്‍നാടന്‍ തമിഴ്നാട്, കര്‍ണാടകം എന്നിവടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Leave a comment

Your email address will not be published. Required fields are marked *