മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി അതായത് സിജെപി ദില്ലിയിലെ ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, പാർട്ടി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാൽ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്.
ക്രമസമാധാന പാലനം ഉറപ്പാക്കാനായി ദില്ലി പൊലീസിന് പുറമെ ബിഎസ്എഫ്, സിആർപിഎഫ് ഉൾപ്പെടെയുള്ള അർദ്ധസൈനിക വിഭാഗങ്ങളിലായി 35,000-ത്തിലധികം ജവന്മാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിഎൻഎസ് 163-ാം വകുപ്പ് പ്രകാരം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും ഡ്രോണുകൾ, സിസിടിവി ക്യാമറകൾ എന്നിവ ഉപയോഗിച്ച് കർശന നിരീക്ഷണം നടത്തുന്നുണ്ട്. മുൻകരുതൽ നടപടിയായി ഇന്നു രാവിലെ മുതൽ സാമൂഹിക പ്രവർത്തകൻ ധ്രുവ് രാഠി ഉൾപ്പെടെ നൂറിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിന്റെ ഭാഗമായി വൻ ജനക്കൂട്ടം തടിച്ചുകൂടുന്നത് തടയാൻ ദില്ലി മെട്രോയുടെ 50-ലധികം സ്റ്റേഷനുകൾ അടച്ചിടുകയും വിവിധ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം ദില്ലിയിലേക്കുള്ള നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. സെൻട്രൽ ദില്ലിയിലെ കണോട്ട് പ്ലേസ് മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രമുഖ വാണിജ്യ കേന്ദ്രങ്ങൾ ഇന്ന് അടച്ചിടുമെന്ന് വ്യാപാരി സംഘടനകളും അറിയിച്ചു.
വോട്ടിംഗ് പട്ടികയിലെ തിരിമറികളും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളും ചൂണ്ടിക്കാണിച്ചാണ് സിജെപിയും മറ്റ് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കുന്നത്. സ്ഥിതിഗതികൾ സമാധാനപരമായി കൈകാര്യം ചെയ്യാനും അനാവശ്യമായ യാത്രാ തടസ്സങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.