രാജ്യത്തിന്റെ സമുദ്രാതിർത്തി കൂടുതൽ സുരക്ഷിതമാക്കാൻ കേരളത്തിൽ നിന്നൊരു ചരിത്രനേട്ടം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡീപ്-ടെക് സ്റ്റാർട്ടപ്പായ ‘ഐറോവ്’ (EyeROV) വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ സൈനിക ഗ്രേഡ് അണ്ടർവാട്ടർ റോബോട്ടായ ‘ട്രൗട്ട്’ (TROUT) കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറി. സ്ഥാപകനായ ജോൺ ടി. മത്തായിയുടെ നേതൃത്വത്തിലാണ് തദ്ദേശീയമായി ഈ നൂതന സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തു നിർമ്മിച്ചത്.
പൂർണ്ണമായും സൈനിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യത്തെ അണ്ടർവാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) സംവിധാനമാണിത്. പ്രാഥമിക ഘട്ടത്തിൽ ഇത്തരം രണ്ട് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനങ്ങളാണ് നാവികസേനയുടെ ഭാഗമായത്. കടലിനടിയിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ നിരീക്ഷണം നടത്തുക, പരിശോധനകൾ നടത്തുക, രഹസ്യാന്വേഷണം, തിരച്ചിലും രക്ഷാപ്രവർത്തനവും, സമുദ്രോപരിതലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം എന്നിവ നിർവ്വഹിക്കാൻ ഈ ഡ്രോണുകൾക്ക് പ്രത്യേക ശേഷിയുണ്ട്.
കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് കൊച്ചിയിലെ ഈ മലയാളി കൂട്ടായ്മയുടെ നേട്ടം. ഡിആർഡിഒയുടെ സാങ്കേതിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ റോബോട്ടിക് സംവിധാനത്തിന്റെ നിർമ്മാണം സാധ്യമാക്കിയത്. അടുത്തിടെ നടന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിലും ഈ സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐറോവ് ഏറെ ശ്രദ്ധ നേടിയിരുന്നു. അണ്ടർവാട്ടർ ഡ്രോണുകൾ, ആളില്ലാ ബോട്ടുകൾ, എഐ അധിഷ്ഠിത സമുദ്ര വിശകലന സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ തന്നെ പേരെടുത്ത സ്റ്റാർട്ടപ്പാണ് ഐറോവ്. പുതിയ സൈനിക ഗ്രേഡ് റോബോട്ടുകൾ സേനയുടെ ഭാഗമാകുന്നതോടെ സമുദ്ര സുരക്ഷാരംഗത്ത് ഇന്ത്യയുടേയും കേരളത്തിന്റെയും പെരുമ വാനോളമുയരുകയാണ്.