സംസ്ഥാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും പാചക എണ്ണ ആവർത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് എതിരായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച 74 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിക്കുകയും, ഉപയോഗയോഗ്യമല്ലാത്ത 1436 ലിറ്ററിലധികം പഴകിയ പാചക എണ്ണ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ ഈ പ്രത്യേക പരിശോധനാ യജ്ഞം നടപ്പിലാക്കിയത്. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധനയും. എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ച അളക്കുന്ന ‘ടോട്ടൽ പോളാർ കോമ്പൗണ്ട്സ്’ (ടി.പി.സി.) മീറ്ററുകളും മൊബൈൽ ലബോറട്ടറികളും ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയത്. സ്ഥലത്തുവെച്ചുതന്നെ സാമ്പിളുകൾ പരിശോധിച്ച് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം ടി.പി.സി. അളവ് 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഈ അളവും മറികടന്ന് രാസവിഘടനം സംഭവിച്ച എണ്ണയാണ് പലസ്ഥാപനങ്ങളിലും വീണ്ടും ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയത്. ഇത്തരം എണ്ണ തുടർച്ചയായി ഉപയോഗിക്കുന്നത് ജനങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
നിയമലംഘനം ആവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമനടടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ യാതൊരു വിട്ടവീഴ്ചയും ഉണ്ടാകില്ലെന്നും, വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. വൻതോതിൽ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എണ്ണയുടെ ഉപയോഗവും നിർമാർജനവും സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.