സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വസതികളിലുമായി ഇന്നു രാവിലെ മുതൽ ഒരേസമയം ഇരുപതോളം കേന്ദ്രങ്ങളിലാണ് മിന്നൽ റെയ്ഡ് പുരോഗമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസിയുടെ ഈ നടപടി.
എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ കോഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ അക്കൗണ്ടന്റ് ഷിജുവിന്റെ വസതിയടക്കം നാലിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. വ്യാജ രേഖകളും ബനാമി അക്കൗണ്ടുകളും ഉപയോഗിച്ച് ഈ ബാങ്കിൽ 121 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബാങ്ക് ജീവനക്കാരുടെയും മുൻ ഭരണസമിതി അംഗങ്ങളുടെയും വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
തൃശൂരിൽ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് തുടങ്ങിയ ശാഖകളിലുമായി അഞ്ചിടങ്ങളിലാണ് ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. ബാങ്കിന്റെ മുൻ പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും വീടുകളിലും പരിശോധന നീണ്ടിട്ടുണ്ട്. വായ്പകൾ അനുവദിച്ചതിലെ ക്രമക്കേടുകളും വൻകിട നിക്ഷേപങ്ങളുടെ ഉറവിടവുമാണ് ഇവർ പ്രധാനമായും പരിശോധിക്കുന്നത്.
ഇതിനുപുറമെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. രാവിലെ ആറരയോടെ ആരംഭിച്ച റെയ്ഡിൽ കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്കുകൾ, നിർണായക ലോൺ ഫയലുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സഹകരണ സൊസൈറ്റികളിലായി ഏകദേശം 92 കോടി രൂപയുടെ മറ്റ് ക്രമക്കേടുകളും ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.