വാഹനങ്ങളില് വരുത്താവുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് നിർണായക ഉത്തരവിറക്കി. നിയമപരമായി കർശന നിയന്ത്രണങ്ങളുള്ള വാഹന മോഡിഫിക്കേഷനുകളിൽ വ്യക്തത വരുത്തി ഗതാഗത കമ്മീഷണർ ജി. സ്പർജൻ കുമാറാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് സുരക്ഷയും കേന്ദ്ര മോട്ടോർ വാഹന നിയമവും പൂർണ്ണമായും പാലിച്ചുകൊണ്ട് ഏഴുതരം മാറ്റങ്ങൾ മാത്രമാണ് ഇനി മുതൽ വാഹനങ്ങളിൽ വരുത്തുവാൻ അനുവാദമുള്ളത്.
ഇന്ന് പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, എംവിഡിയുടെ മുൻകൂർ അനുമതിയോടെ വാഹനങ്ങളിൽ വരുത്താവുന്ന പ്രധാനപ്പെട്ട 7 മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
- നിറം മാറ്റം: വാഹനത്തിന്റെ ഒറിജിനൽ പെയിന്റോ കളറോ മാറ്റുന്നത്.
- എൻജിൻ മാറ്റം: വാഹനത്തിന്റെ അതേ സ്പെസിഫിക്കേഷനും ഒരേ കമ്പനിയുടേതുമായ എൻജിൻ മാറ്റിവെക്കുന്നത്.
- ഷാസി മാറ്റം: ഷാസി ഫ്രെയിം തകരാറിലാകുമ്പോൾ അനുയോജ്യമായ പുതിയ ഷാസി ഘടിപ്പിക്കുന്നത്.
- ബോഡി രൂപമാറ്റം: വാഹനത്തിന്റെ ബോഡി ഘടനയിൽ നിയമപരമായ പരിധിക്കുള്ളിൽ നിന്ന് മാറ്റങ്ങൾ വരുത്തുന്നത്.
- ഇന്ധന ടൈപ്പ് മാറ്റം: പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ ഇന്ധനങ്ങളുടെ ടൈപ്പ് അംഗീകൃത കിറ്റുകൾ ഉപയോഗിച്ച് മാറ്റുന്നത്.
- പ്രൊപ്പൽഷൻ സിസ്റ്റം മാറ്റൽ: വാഹനത്തിന്റെ ചലന സംവിധാനത്തിൽ (പ്രൊപ്പൽഷൻ സിസ്റ്റം) വരുത്തുന്ന മാറ്റങ്ങൾ.
- ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ: ഭിന്നശേഷി സൗഹൃദമായ രീതിയിലേക്ക് വാഹനം പരിഷ്കരിച്ച് മാറ്റിയെടുക്കുന്നത്.
മേൽപ്പറഞ്ഞ മാറ്റങ്ങളെല്ലാം മോട്ടോർ വാഹന വകുപ്പിന്റെ (MVD) മുൻകൂർ അനുമതിയോടെയും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ ചെയ്യാൻ പാടൊള്ളൂ. വരുത്തുന്ന ഓരോ മാറ്റവും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ.സി) കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കറ്റോടെയുള്ള റിട്രോഫിറ്റ്മെന്റ് കിറ്റുകൾ മാത്രമേ ഇതിനായി ഉപയോഗിക്കാൻ പാടുകയുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഈ ഏഴ് വിഭാഗങ്ങളിൽ പെടാത്തതും മുൻകൂർ അനുമതി ഇല്ലാത്തതുമായ എല്ലാവിധ അനധികൃത മോഡിഫിക്കേഷനുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹന ഉടമകൾക്കെതിരെ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.