മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ‘ഇന്ത്യാ’ മുന്നണി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇന്നലെ നടന്ന സംഭവത്തിലാണ് പോലീസ് ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പാർലമെന്റ് ഹൗസിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞിരുന്നു. തുടർന്ന് നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപമുള്ള ആകാശവാണി ഭവനിലേക്ക് പ്രവേശിക്കുകയായിരുന്നു.
അനുമതിയില്ലാതെ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച നേതാക്കൾ അവിടെ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും അതിക്രമിച്ചു കയറിയും ഔദ്യോഗിക കൃത്യനിർവഹടത്തിന് തടസ്സമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ആകാശവാണി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സമരം നീണ്ടതിനെ തുടർന്ന് വൈകുന്നേരത്തോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് രാത്രിയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ വിഷയത്തിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുക്കുമെന്നാണ് സൂചന.