മൊബൈൽ മെസേജിങ് രംഗത്തെ വമ്പന്മാരായ മെറ്റ (Meta) വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്റെ നിരക്ക് ഘടനയിൽ വരുത്തിയ നിർണായക മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഉപഭോക്താക്കൾ നേരിട്ട് അയക്കുന്ന സന്ദേശങ്ങൾക്ക് മാറ്റമില്ലെങ്കിലും, ബിസിനസ് സ്ഥാപനങ്ങൾ നൽകുന്ന മറുപടികൾക്കും സേവനങ്ങൾക്കും ഇനി മുതൽ അധിക തുക നൽകേണ്ടി വരും.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
- സേവന സന്ദേശങ്ങൾക്കുള്ള നിരക്ക്: ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടിയായി നൽകുന്ന നോൺ-ടെംപ്ലേറ്റ് സർവീസ് മെസ്സേജുകൾക്ക് ഇനി മുതൽ ഫീസ് ഈടാക്കും. എന്നാൽ ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സർവീസ് സന്ദേശങ്ങൾ സൗജന്യമായിരിക്കും. ഇതിനു ശേഷമുള്ള ഓരോ സന്ദേശത്തിനും തുക നൽകണം.
- യൂട്ടിലിറ്റി സന്ദേശങ്ങൾ: ഓർഡർ കൺഫർമേഷൻ, ഡെലിവറി അലേർട്ടുകൾ പോലുള്ള യൂട്ടിലിറ്റി സന്ദേശങ്ങൾ 24 മണിക്കൂർ കസ്റ്റമർ സർവീസ് വിൻഡോയ്ക്കുള്ളിൽ സൗജന്യമായി അയച്ചിരുന്ന രീതിയും ഇന്ന് മുതൽ അവസാനിച്ചു. ഇതിനും ഫീസ് ബാധകമാണ്.
- നിരക്കുകൾ എത്ര? ഇന്ത്യയിൽ ജിഎസ്ടി ഉൾപ്പെടെ ഓരോ സന്ദേശത്തിനും ഏകദേശം 0.136 രൂപ നിരക്കിലാണ് യൂട്ടിലിറ്റി, സർവീസ് മെസ്സേജുകൾക്ക് ചാർജ് ഈടാക്കുന്നത്. മാർക്കറ്റിംഗ് സന്ദേശങ്ങളുടെ നിരക്കുകൾ നേരത്തെ തന്നെ നിലവിലുണ്ട്.
- എഐ (AI) ചാറ്റ്‌ബോട്ടുകൾക്ക്: മെറ്റ ബിസിനസ് ഏജന്റ് വഴി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രതികരണങ്ങൾക്ക് ടോക്കൺ അടിസ്ഥാനമാക്കിയുള്ള പ്രത്യേക നിരക്കുകൾ ബാധകമാക്കിയിട്ടുണ്ട്.
- സൗജന്യമായവ: ഉപഭോക്താക്കൾ ബിസിനസ് അക്കൗണ്ടുകളിലേക്ക് അയക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും സൗജന്യമായി തുടരും. കൂടാതെ, ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പരസ്യങ്ങളിലൂടെ (Click-to-WhatsApp Ads) വരുന്ന ചാറ്റുകളുടെ 72 മണിക്കൂർ സൗജന്യ വിൻഡോയിലും മാറ്റമില്ല. ചെറിയ കടകൾക്കായി ഉപയോഗിക്കുന്ന സാധാരണ വാട്‌സ്ആപ്പ് ബിസിനസ് ആപ്പിനെ (WhatsApp Business App) ഈ പുതിയ പ്ലാറ്റ്‌ഫോം ചാർജുകൾ ബാധിക്കില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.