Blog Post

Karanavars > News > International > യുഎസിൽ ഷി ചിൻപിങ്ങിന് വൻ വരവേൽപ്പ് നൽകി ഡോണാൾഡ് ട്രംപ്

യുഎസിൽ ഷി ചിൻപിങ്ങിന് വൻ വരവേൽപ്പ് നൽകി ഡോണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അമേരിക്കയിലെത്തി. മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ ചൈനീസ് പ്രസിഡണ്ടിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേർന്ന് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഒരു യുഎസ് പ്രസിഡന്റ് വിമാനത്താവളത്തിൽ നേരിട്ടെത്തി വിദേശ നേതാവിനെ സ്വീകരിക്കുന്നു എന്ന പ്രത്യേകതയും ഇന്നലെ നടന്ന ഈ വരവിനുണ്ട്.

നൂറു അടി നീളമുള്ള ചുവപ്പു പരവതാനിയും ഔദ്യോഗിക ഗാർഡ് ഓഫ് ഓണറും നൽകി നടത്തിയ ആഡംബര സ്വീകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനം നൽകുന്നതാണ്. ചൈനീസ് പ്രഥമ വനിത പെങ് ലിയുവാൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ് ബ്യൂറോ അംഗം കായ് ക്വി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരും ഷി ചിൻപിങ്ങിന്റെ ഉന്നതതല സംഘത്തിലുണ്ട്.

വ്യാപാരം, നിർമ്മിത ബുദ്ധി (AI), ആഗോള സുരക്ഷ, തായ്‌വാൻ നയങ്ങൾ തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക വിഷയങ്ങൾ മൂന്നു ദിവസത്തെ ഈ സന്ദർശനത്തിൽ ചർച്ചയാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ലഘൂകരിക്കുന്നതിനും തന്ത്രപരമായ സ്ഥിരത നിലനിർത്തുന്നതിനും ഈ ഉച്ചകോടി നിർണ്ണായകമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടക്കുന്ന ഔദ്യോഗിക ചർച്ചകൾക്കും വിരുന്നിനും ശേഷം വെള്ളിയാഴ്ച ഉച്ചയോടെ സന്ദർശനം സമാപിക്കും.

Leave a comment

Your email address will not be published. Required fields are marked *