മാതൃകയാകേണ്ടവേണ്ട പൊലീസുദ്യോഗസ്ഥൻ തന്നെ മദ്യലഹരിയിൽ റോഡിൽ തീർത്തത് വലിയ ഭീതി. കണ്ണൂരിൽ അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്ത് മദ്യപിച്ച് അശ്രദ്ധമായി ഓടിച്ച കാർ ഇടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെ ദേശീയപാതയിൽ കണ്ണൂർ കണ്ണോത്തുംചാലിന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച ഈ അപകടം നടന്നത്.
ജോലിസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയും പാർട് ടൈം ജീവനക്കാരിയുമായ സ്വാതി, ഒപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരെയാണ് എസ്.ഐയുടെ കാർ ഇടിച്ചു തെറിപ്പിച്ചത്. ആദ്യം ഇതരസംസ്ഥാന തൊഴിലാളികളെ ഇടിച്ച കാർ നിർത്താതെ മുന്നോട്ട് പോവുകയും, തുടർന്ന് സ്വാതി സഞ്ചരിച്ച വാഹനത്തെയും ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷവും വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സമീപത്തെ കടയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
നാട്ടുകാർ തടഞ്ഞുനിർത്തിയപ്പോൾ തന്നെ എസ്.ഐ രജിത്ത് കടുത്ത മദ്യലഹരിയിലാണെന്ന് വ്യക്തമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതലയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം സേനയ്ക്ക് വലിയ കളങ്കമായി മാറിയിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവകരമായ പശ്ചാത്തലത്തിൽ, ഡ്യൂട്ടിക്ക് പുറത്താണെങ്കിലും ഗുരുതരമായ ചട്ടലംഘനം നടത്തിയ എസ്.ഐ രജിത്തിനെതിരെ വകുപ്പ് തല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.