Blog Post

Karanavars > News > Keralam > കാമ്പസ് രാഷ്ട്രീയം: കർശന കരടുമായി മുന്നോട്ടുപോകില്ലെന്ന് ഉപസമിതി

കാമ്പസ് രാഷ്ട്രീയം: കർശന കരടുമായി മുന്നോട്ടുപോകില്ലെന്ന് ഉപസമിതി

കേരള സർവകലാശാലാ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുടെ അവകാശങ്ങൾ ഹനിക്കുന്നതോ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുന്നതോ ആയ ഒരു കരടും സർവകലാശാല അംഗീകരിക്കില്ലെന്ന് സിൻഡിക്കേറ്റ് ഉപസമിതി കൺവീനർ അജയ് ജൂവൽ കുര്യാക്കോസ് ഇന്നലെ വ്യക്തമാക്കി.

ഹൈക്കോടതി നിർദേശപ്രകാരം കാമ്പസ് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിഭാഗം നൽകിയ പ്രാരംഭ കരട് മാത്രമാണിതെന്നും, ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും ഇന്നലെ വ്യക്തമാക്കുകയുണ്ടായി. വിദ്യാർത്ഥി രാഷ്ട്രീയത്തെ പൂർണ്ണമായി നിരോധിക്കാൻ പോകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സ്വീകാര്യമായ രീതിയിൽ, അവരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് മാത്രമെ പുതിയ മാർഗനിർദേശങ്ങൾ തയാറാക്കുകയുള്ളൂ എന്ന് ഉപസമിതി അംഗങ്ങൾ അറിയിച്ചു. പ്രസ്തുത കരട് രേഖ വിദ്യാർത്ഥി സംഘടനകൾക്ക് ഔദ്യോഗികമായി അയച്ചുകൊടുത്ത് അഭിപ്രായങ്ങൾ തേടിയ ശേഷമേ തുടർനടടപടികളിലേക്ക് കടക്കൂ. കാമ്പസുകളിലെ ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ അവകാശങ്ങളെയും സർക്കാർ പിന്തുണയ്ക്കുന്നതായും സർവകലാശാലാ തലത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു.

Leave a comment

Your email address will not be published. Required fields are marked *