സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും റെക്കോർഡ് വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2,360 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,07,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 295 രൂപ വര്‍ധിച്ച് 13,385 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രണ്ടുതവണയായി പവന് 2,320 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ഏകദേശം 5,000 രൂപയുടെ കൂറ്റൻ വർധനവാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഉണ്ടായിരിക്കുന്നത്.
ആഗോള സാമ്പത്തിക വിപണിയിലെ പെട്ടെന്നുണ്ടായ മാറ്റങ്ങളും അന്താരാഷ്ട്ര രാഷ്ട്രീയ സംഭവവികാസങ്ങളുമാണ് സ്വർണവിലയിൽ ഈ വൻ കുതിച്ചുചാട്ടത്തിന് വഴിവെച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന തിരിച്ചടിയാണ് സ്വർണത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ പരാജയം യുഎസ് ഡോളറിനെ ദുർബലമാക്കുകയും യുഎസ് ബോണ്ട് യീൽഡ് കുറയ്ക്കുകയും ചെയ്തു. ഡോളർ ദുർബലമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള നിക്ഷേപകർ വ്യാപകമായി സ്വർണത്തിലേക്ക് തിരിഞ്ഞത് വില വർധനവിന് കരുത്തേകി.
ഇതിനുപുറമേ, ആഗോള വിപണിയിലെ എണ്ണവിലയും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് താഴെയാണ് തുടരുന്നത്. ഇതിനിടെ, യുഎസ്-ഇറാൻ യുദ്ധസമാനമായ സാഹചര്യങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകൾ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിലെ മാറ്റങ്ങൾ ഈ യുദ്ധ സാഹചര്യം അവസാനിപ്പിക്കാൻ സഹായകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ചർച്ചകൾ വിജയിച്ച് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാൽ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും കരുത്തോടെ തിരിച്ചുവരാൻ ഇടയാക്കും.