മില്‍മ മലബാര്‍ മേഖല യൂണിയനില്‍ ലക്ഷക്കണക്കിന് രൂപയുടെ പാല്‍സംഭരണ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂണിയന് സര്‍ക്കാര്‍ ഔദ്യോഗികമായി പിരിച്ചുവിട്ടു. സംഭവത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
കാസര്‍കോട് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല് സംഭരിച്ചതിലൂടെ മില്‍മയ്ക്ക് 27,45,000 രൂപയുടെ കനത്ത നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട തുക ഉത്തരവാദികളില്‍ നിന്നും ഈടാക്കാതെ കണക്കില്‍ കൃത്രിമം കാണിച്ച് മുക്കി എന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ മലപ്പുറം ഡയറിയില്‍ നടന്ന നെയ്യ് മോഷണം, പാലുല്‍പ്പന്നങ്ങളുടെ സ്റ്റോക്കിലുണ്ടായ 84 ലക്ഷത്തിലധികം രൂപയുടെ തിരിമറി, മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകള്‍ എന്നിവയും കടുത്ത നടപടിയിലേക്ക് നയിച്ചു.
യൂണിയന്റെ ഭരണം പൂര്‍ണ്ണമായും ഒരു അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും യൂണിയന് പിരിച്ചുവിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മില്‍മ ചെയര്മാന് കെ.എസ്. മണി രംഗത്തെത്തിയിട്ടുണ്ട്. മലബാര്‍ യൂണിയനില്‍ യാതൊരുവിധ അഴിവതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്നും ഭരണസമിതിക്കെതിരായ നീക്കത്തിനെതിരെ നിയമപരമായി കോടതിയെ സമീപിക്കുമെന്നും എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി. സഹകരണ മേഖലയെയും ക്ഷീരകര്‍ഷകരെയും ബാധിക്കുന്ന ഈ വിഷയം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.