ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക നിയമപരിരക്ഷയോ പരിഗണനയോ ഇല്ലെന്നും, അവർ അന്വേഷണവുമായി സഹകരിച്ചേ മതിയാവൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഏറെ ചർച്ചയായ ആസൂത്രണ ബോർഡ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നോട്ടീസ് അയച്ചിരുന്നു. എന്നാൽ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകുന്നതിൽ പിഎസ്സി അംഗങ്ങൾ അതൃപ്തി അറിയിക്കുകയും കത്തുകൾ നൽകുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നിയമപരമായ നടപടികളുടെ ഭാഗമായാണ് ചോദ്യം ചെയ്യലെന്നും അന്വേഷണത്തോട് ആരും മുഖംതിരിച്ചു നിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി കർശന നിലപാട് എടുത്തത്. ചെയർമാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരീക്ഷയും ഇന്റർവ്യൂവും നടന്നത്. ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താതെ മാറ്റിവെച്ചതുൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കുന്നത്.