ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ബിജ്‍സ് ഉച്ചകോടിയുടെ മുന്നോടിയായി നഗരത്തിലെ ചേരി പ്രദേശങ്ങളും ദരിദ്ര മേഖലകളും തുണികളും വലിയ മറകളും ഉപയോഗിച്ച് മറച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആം ആദ്മി പാര്‍ട്ടി (എ.എ.പി.) രംഗത്ത്. ചേരികളെ തുണികൊണ്ട് മറയ്ക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങളെയും ദാരിദ്ര്യത്തെയും മൂടിവെക്കാനാകില്ലെന്ന് എ.എ.പി. കുറ്റപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് 18-ാമത്.BRICS ഉച്ചകോടി ആരംഭിക്കുന്നതിന് തൊട്ടുതലേന്ന്, വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉന്നത നേതാക്കള്‍ എത്തുന്ന പാതകളിലെ ചേരികളും അനധികൃത കുടിലുകളും പച്ചത്തുണികളും വലിയ ഹോര്‍ഡിംഗുകളും ഉപയോഗിച്ച് മറയ്ക്കുന്ന രീതിക്കെതിരെയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്.
വികസനത്തിന്റെ പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളെ എ.എ.പി. പരിഹസിച്ചു. “ചേരികള്‍ തുണികൊണ്ട് മറച്ചാല്‍ യാഥാര്‍ത്ഥ്യം മാറില്ല” എന്ന് വ്യക്തമാക്കിയ പാര്‍ട്ടി, ജി.ഡി.പി വളര്‍ച്ചാ നിരക്കിലെ കണക്കുകളിലെ പൊള്ളത്തരങ്ങളെയും ഇതിനോടൊപ്പം ചൂണ്ടിക്കാണിച്ചു. ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയും വിപുലമായ ഒരുക്കങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നഗരത്തിന്റെ യഥാര്‍ത്ഥ മുഖം അന്താരാഷ്ട്ര അതിഥികളില്‍ നിന്നും മറച്ചുപിടിക്കാനായി പാവപ്പെട്ടവരുടെ വാസസ്ഥലങ്ങള്‍ തുണികെട്ടി മറയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ദാരിദ്ര്യത്തെ ഒളിച്ചോട്ടത്തിലൂടെ ഇല്ലാതാക്കാനാവില്ലെന്നും വ്യാപകമായ ആക്ഷേപമുയരുന്നുണ്ട്. മുമ്പും പ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങളുടെ സമയത്ത് സമാനമായ രീതിയില്‍ ഡല്‍ഹിയിലെ ചേരികള്‍ മറച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.