സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും അഖിലേന്ത്യാ തലത്തിൽ ഉത്പാദനം കുറയുകയും ചെയ്യുമ്പോള്‍ വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വിച്ചിട്ട പോലെ പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നല്ല നിലവിലെ വൈദ്യുതി പ്രതിസന്ധിയെന്നും, ജനം കാര്യങ്ങൾ ഉൾക്കൊണ്ട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപഭോഗത്തിൽ ആയിരത്തിലധികം മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും മൂലം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5,200 മെഗാവാട്ടിലേക്ക് ഉയർന്നെങ്കിലും, ആനുപാതികമായി ഉത്പാദനം കൂട്ടാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളം ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ശതമാനത്തിനായി കേന്ദ്രവിഹിതത്തെയും പുറംചന്തയെയും ആശ്രയിക്കേണ്ടി വരുന്നു.
എന്നാൽ, രാത്രികാലങ്ങളിൽ രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കുടൂതലുള്ളതിനാൽ ഉയർന്ന വില നൽകാൻ തയ്യാറായാലും തുറന്ന വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത അവസ്ഥയുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം രാത്രികാലങ്ങളിൽ വർദ്ധിച്ചതും ഉപഭോഗം കൂടാൻ കാരണമായിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭIച്ചിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കപ്പെട്ടത് നിലവിലെ പ്രതിസന്ധി ആഴത്തിലാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ കരാറുകൾ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയിൽ ശക്തമായ നിയമപോരാട്ടം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഫീഡർ തലത്തിലുള്ള പുതിയ സംവിധാനങ്ങളും മൊബൈൽ ആപ്പ് വഴിയുള്ള സന്ദേശങ്ങളും നിലവിൽ വന്നിട്ടുണ്ട്. ഗ്രീഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തുടരുന്ന ഈ താൽക്കാലിക നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് കെഎസ്ഇബിയും സർക്കാരും അഭ്യർത്ഥിക്കുന്നു.