ഇന്നലെ പുറത്തുവന്ന സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്ത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുന്നു. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയന്, മകള്‍ വീണ ടി., മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ ഈ കത്ത് ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ നിയമോപദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഇഡി കത്തില്‍ പിണറായി വിജയനെതിരെ പ്രകടമായ തെളിവുകളൊന്നുമില്ലെന്നും ഉള്ളത് വെറും മൊഴികള്‍ മാത്രമെന്നുമാണ് സിപിഎമ്മിന്റെ ശക്തമായ പ്രതിരോധം. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വേട്ടയാടലാണിതെന്ന് പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. കോടതികള്‍ മുമ്പ് പരിശോധിച്ചു തള്ളിക്കളഞ്ഞ കാര്യങ്ങളാണ് കേന്ദ്ര ഏജൻസി ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. നേരത്തെ ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ പുറത്തുവന്നപ്പോഴും സമാനമായ രാഷ്ട്രീയ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സിപിഎം വാദം.
മറുവശത്ത്, ഇഡി കൈമാറിയിട്ടുള്ളത് ഗൗരവതരമായ വിവരങ്ങളാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. കേന്ദ്ര ഏജൻസി നല്കിയ കത്ത് കിട്ടിയ ഉടൻ തള്ളിക്കളയാനാകില്ലെന്നും, അഡ്വക്കേറ്റ് ജനറലിന്റെയും (എജി) നിയമവിദഗ്ധരുടെയും പരിശോധനയ്ക്ക് ശേഷം മാത്രമേ തുടര്‍നടപടികളില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എജിയുടെ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ പോലീസ് കേസെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.