സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ, കായികമേഖലയും കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പാണ് വൈദ്യുതി മുടക്കം കാരണം ഇരുട്ടിലായത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചതോടെ വാശിയേറിയ മത്സരങ്ങൾ താത്കാലികമായി മൊബൈൽ ഫോൺ ടോർച്ചുകളുടെ വെളിച്ചത്തിൽ നടത്തേണ്ടി വന്നു.
രാവിലെ മുതൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ട മത്സരങ്ങൾ പുരോഗമിക്കുന്നതിനിടയാണ് രാത്രി 7.30-ഓടെ വൈദ്യുതി മുടങ്ങിയത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിലധികം മത്സരാർത്ഥികളാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ എത്തിയത്. നിർണായക മത്സരങ്ങൾ നടക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത പവർകട്ട് കളിക്കാരെയും കാണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. തുടർന്ന് സംഘാടകരുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകളുടെ വെളിച്ചം ഉപയോഗിച്ച് മത്സരങ്ങൾ കുറേസമയം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ജനറേറ്റർ എത്തിച്ചാണ് ബാക്കി മത്സരങ്ങൾ പുനരാരംഭിച്ചത്. സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം. പീക്ക് അവറുകളിലെ വൈദ്യുതി നിയന്ത്രണം ജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, പലയിടത്തും യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി നിലയ്ക്കുന്നത് പതിവായിരിക്കുകയാണ്. കായിക താരങ്ങളുടെ കഠിനാധ്വാനത്തിന് മേൽ ഇരുട്ടടിയാകുന്ന ഇത്തരം പവർകട്ടുകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.