Blog Post

Karanavars > News > Death > മുതിർന്ന മാധ്യമപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗവും രാഷ്ട്രീയ ലേഖകനും ഗ്രന്ഥകാരനുമാണ്. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്ത് സജീവമായ അദ്ദേഹം, 1977-ൽ ജന്മഭൂമി പത്രം ആരംഭിച്ചതുമുതൽ അതിനൊപ്പമുണ്ട്.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിൽ 1954-ലാണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാർത്ഥി കാലഘട്ടത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി കാസർകോട്, കണ്ണൂർ താലൂക്കുകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും പിന്നീട് യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. കണ്ണൂർ, പേരാവൂർ നിയോജകമണ്ഡലങ്ങളിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫിലിം സെൻസർ ബോർഡ്, ടെലികോം അഡൈ്വസറി ബോർഡ്, അക്രഡിറ്റേഷൻ കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു.

‘കെ.ജി. മാരാർ രാഷ്ട്രീയത്തിലെ സ്നേഹസാഗരം’, ‘മുന്നണികൾ ഭരിച്ചു മുടിച്ച കേരളം’, ‘മറുപുറം’, ‘അടൽജി ഒരു വിസ്മയം’ തുടങ്ങി നിരവധി ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ ആക്ഷേപഹാസ്യ ശൈലിയിൽ വിശകലനം ചെയ്യുന്നതിൽ അതീവ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. ദീർഘകാലത്തെ മാധ്യമപ്രവർത്തനത്തിന് കേരള നിയമസഭയുടെ ആദരവും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പരേതയായ പ്രേമജയാണ് ഭാര്യ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകൻ: രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്).

Leave a comment

Your email address will not be published. Required fields are marked *