കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കാമെന്ന് ഒരു സർക്കാരും വ്യാമോഹിക്കേണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. ഇന്നലെ കോഴിക്കോട് നടന്ന എംഎസ്എഫ് ക്യാമ്പസ് ലീഡേഴ്സ് മീറ്റിലാണ് അദ്ദേഹം സർക്കാരിന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് എംഎസ്എഫിന്റെ കടുത്ത പ്രതികരണം. ഭരണമാറ്റത്തിനനുസരിച്ച് നിലപാട് മാറ്റുന്ന രാഷ്ട്രീയ ശൈലി എംഎസ്എഫിനില്ലെന്നും, മുൻകാലങ്ങളിൽ സംഘടന സ്വീകരിച്ച അതേ നിലപാട് തന്നെയായിരിക്കും എക്കാലത്തും തുടരുകയെന്നും ഷറഫുദ്ദീൻ പിലാക്കൽ വ്യക്തമാക്കി. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി എംഎസ്എഫ് രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായുള്ള പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണികൾക്കുള്ളിൽ ചർച്ചകളും അനൗദ്യോഗിക നീക്കങ്ങളും സജീവമാകുന്നതിനിടയിലാണ് വിദ്യാർത്ഥി സംഘടനയുടെ ഈ തുറന്ന എതിർപ്പ്. പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന നിലപാടിലാണ് എംഎസ്എഫ് നേതൃത്വം.