Blog Post

Karanavars > News > Accident > പന്തലാംപാടത്ത് ദേശീയപാതയിൽ അഞ്ച് കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

പന്തലാംപാടത്ത് ദേശീയപാതയിൽ അഞ്ച് കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഉണ്ടായ വൻ വാഹനപകടത്തിൽ തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. പന്തലാംപാടം പെട്രോൾ പമ്പിന് സമീപം ഇന്നലെ ഉച്ചയോടെയാണ് ഒന്നിനുപുറകെ ഒന്നായി അഞ്ച് കാറുകൾ കൂട്ടിയിടിച്ചത്. ദേശീയപാതയിലെ ഡിവൈഡറുകളിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ വെട്ടിമാറ്റുന്ന ജോലികൾക്കായി ട്രാക്കിൽ മുന്നറിയിപ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.

ഈ സമയത്ത് തൃശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ ഒരു കാർ റോഡിൽ വെച്ചിരുന്ന ബാരിക്കേഡ് കണ്ട് പെട്ടെന്ന് വേഗത കുറച്ച് ബ്രേക്കിടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഈ വാഹനത്തിലേക്ക് പിന്നാലെ വന്ന മറ്റ് നാല് കാറുകളും ഒന്നിനുപുറകെ ഒന്നായി ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ കൂട്ടിയിടിച്ച കാറുകളുടെ മുൻഭാഗവും പിൻഭാഗവും പൂർണ്ണമായും തകർന്നു. ഏറ്റവും പിന്നിലുണ്ടായിരുന്ന കാറിന്റെ ഡ്രൈവർക്കാണ് പരിക്കേറ്റത്. നിസ്സാര പരിക്കുകളോടെ ഇയാളെ ഉടൻതന്നെ സമീപത്തെ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ പ്രവൃത്തികൾ സംബന്ധിച്ച മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ദേശീയപാതയിൽ അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പാലിക്കേണ്ട സുരക്ഷിത അകലം പാലിക്കാത്തതാണ് ഇത്തരം കൂട്ടയിടി അപകടങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ പറയുന്നു.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടിരുന്നു. ഈ പ്രദേശത്ത് സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് യാത്രികർ ആവശ്യപ്പെടുന്നുണ്ട്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a comment

Your email address will not be published. Required fields are marked *