തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ വരുമാന വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതിയിൽ മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കോടതിയുടെ നിർണായക ഉത്തരവ്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് ഇരുവരേയും നേരിട്ട് വിളിപ്പിച്ചത്. ഇന്നലെ പുറത്തുവന്ന ഈ ഉത്തരവ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ, ഭാര്യ ടി. വീണയുടെ സാമ്പത്തിക സ്രോതസ്സുകളും ആദായവുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യവാങ്മൂലത്തിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെന്നാണ് പ്രധാന ആരോപണം. സ്വകാര്യ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് ടി. വീണയ്ക്ക് ലഭിച്ച വരുമാന വിവരങ്ങൾ ഉൾപ്പെടെയുള്ളവ പത്രികയിൽ മറച്ചുവെച്ചു എന്നാണ് ഹർജിക്കാരന്റെ വാദം.
ഈ വിഷയത്തിൽ മുഹമ്മദ് റിയാസിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. തുടക്കത്തിൽ താഴെ കോടതി ഈ ഹർജി തള്ളിയിരുന്നെങ്കിലും, പിന്നീട് ഹർജിക്കാരൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദങ്ങൾ പരിശോധിച്ച ശേഷമാണ് സെഷൻസ് കോടതി ദമ്പതികൾ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
വിഷയത്തിൽ റിയാസും വീണയും കോടതിക്ക് മുൻപാകെ നേരിട്ടെത്തി നൽകുന്ന വിശദീകരണം രാഷ്ട്രീയപരമായി ഏറെ നിർണ്ണായകമാകും. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങളിലുള്ള ഈ നിയമനടപടി വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.