Blog Post

Karanavars > News > crime > ചിറയിൻകീഴിൽ സംഘർഷം: രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ചിറയിൻകീഴിൽ സംഘർഷം: രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം ചിറയിൻകീഴിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് തർക്കത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകരും എം.എൽ.എയും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ് എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ഇന്നലെ രാത്രിയോടെ ചിറയിൻകീഴ് പോലീസ് കേസ രജിസ്റ്റർ ചെയ്തത്. എസ്.സി/എസ്.ടി അതിക്രമ തടയൽ നിയമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ഇവർക്കതിരെ ചുമത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ അനധികൃതമായി പങ്കെടുത്തു എന്ന് ആരോപിച്ചുണ്ടായ തർക്കങ്ങളാണ് പിന്നീട് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തർക്കം പരിഹരിക്കാൻ വേണ്ടി ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തിയ രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. വീടിനുള്ളിൽ വെച്ച് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് രമ്യ ഹരിദാസ് എം.എൽ.എയുടെ പ്രധാന പരാതി. സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് എം.എൽ.എയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു.

അതേസമയം, എം.എൽ.എയും ഒപ്പമുണ്ടായിരുന്നവരും വീടുകയറി ആക്രമിച്ചു എന്ന് കാണിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഇരുവിഭാഗങ്ങളുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളും സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് ഒടുവിൽ കയ്യാങ്കളിയിലും പോലീസ് കേസിലും കലാശിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *