Blog Post

Karanavars > News > Career > അറിവിന്റെ വഴികാട്ടികൾക്ക് ആദരം; ഇന്ന് അധ്യാപക ദിനം

അറിവിന്റെ വഴികാട്ടികൾക്ക് ആദരം; ഇന്ന് അധ്യാപക ദിനം

അറിവിന്റെയും സ്നേഹത്തിന്റെയും വെളിച്ചം പകർന്നു നൽകി സമൂഹത്തെ വാർത്തെടുക്കുന്ന ഗുരുശ്രേഷ്ഠർക്ക് ആദരവമർപ്പിച്ച് ഇന്ന് അധ്യാപക ദിനം. രാജ്യത്തിന്റെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാം പ്രസിഡന്റും പ്രമുഖ ദാർശനികനുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിലിന്ന് അധ്യാപക ദിനമായി ആചരിക്കുന്നത്. ജീവിതത്തിൽ നന്മയുടെയും വിജയത്തിന്റെയും പാത വെട്ടിത്തുറക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണ്. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ചിന്താശേഷി വളർത്തുന്നതിലും മാതാപിതാക്കൾക്കൊപ്പം തന്നെ നിർണായക സ്ഥാനം ഗുജുജനങ്ങൾക്കുമുണ്ട്.

1962-ൽ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ രാജ്യത്തിന്റെ പ്രസിഡന്റായപ്പോൾ, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളും വിദ്യാർത്ഥികളും അനുവാദം ചോദിക്കുകയുണ്ടായി. എന്നാൽ തന്റെ ജന്മദിനത്തിന് പകരം ആ ദിവസം രാജ്യത്തെ അധ്യാപകരുടെ സേവനങ്ങൾക്കായി മാറ്റിവെക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു. അന്നുമുതൽ സെപ്റ്റംബർ 5 ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിച്ചുവരുന്നു.

ഇന്ന് രാജ്യത്തുടനീളമുള്ള വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സമ്മാനങ്ങളും സ്നേഹാന്വേഷണങ്ങളും നൽകി ആദരം അർപ്പിക്കുന്നു. കൂടാതെ, മികച്ച സേവനം കാഴ്ചവെക്കുന്ന അധ്യാപകരെ ആദരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിൽ വെച്ച് ദേശീയ അധ്യാപക അവാർഡുകൾ സമ്മാനിക്കുന്നുണ്ട്. അക്കാദമിക രംഗത്തിനപ്പുറം കുട്ടികളിൽ മൂല്യബോധവും മാനവികതയും വളർത്തുന്നതിൽ അധ്യാപകർ നൽകുന്ന നിസ്വാർത്ഥ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ദിനം. അറിവിന്റെ ആദ്യപാഠങ്ങൾ പകർന്നു തന്ന എല്ലാ ഗുരുക്കന്മാർക്കുമുള്ള ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ നേരുന്നു.

Leave a comment

Your email address will not be published. Required fields are marked *