Blog Post

Karanavars > News > Accident >  ഫുക്കറ്റ്-ഡൽഹി വിമാനാപകടം : പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് AAIB; കർശന നടപടിക്ക് ശുപാർശ

 ഫുക്കറ്റ്-ഡൽഹി വിമാനാപകടം : പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് AAIB; കർശന നടപടിക്ക് ശുപാർശ

ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ വൻ പ്രതിസന്ധിയിലായ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് (പ്രധാന പൈലറ്റ്) ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇതുസംബന്ധിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) ഇടക്കാല അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവന്നു. വിഷയം അതീവ ഗൗരവകരമാണെന്ന് വിലയിരുത്തിയ AAIB, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനോട് (DGCA) അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം ഓഗസ്റ്റ് 4-നാണ് 145 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യയുടെ AI 2379 എയർബസ് A320 വിമാനം വലിയ അപകടാവസ്ഥയെ നേരിട്ടത്. യാത്രയ്ക്കിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റം തകരാറിലാവുകയും, തുടർന്ന് പെട്ടെന്ന് നിയന്ത്രണം വിട്ട് ഏകദേശം 300ടിയോളം താഴേക്ക് പതിക്കുകയും ചെയ്തിരുന്നു. ഈ ശക്തമായ കുലുക്കത്തിലും ഉയരവ്യത്യാസത്തിലും പെട്ട് വിമാനത്തിലുണ്ടായിരുന്ന 24 പേർക്ക് പരിക്കേൽക്കുകയും, ക്യാബിനുള്ളിലെ സീലിംഗ് പാനലുകളും ഹാൻഡ്‌റയിലുകളും തകരുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം ഡൽഹിയിൽ ഇറങ്ങിയ ഉടൻ തന്നെ പൈലറ്റുമാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ കൺഫർമേറ്ററി പരിശോധനയിലാണ് പൈലറ്റ് ലഹരി വസ്തുവിന്റെ ഉപയോഗത്തിന് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. എന്നാൽ കോ-പൈലറ്റ് പരിശോധനകളിൽ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

യാത്രക്കാരുടെ ജീവൻ വച്ചുള്ള ഇത്തരം ഗുരുതരമായ വീഴ്ചകൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും, വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യോമയാന റെഗുലേറ്ററി അതോറിറ്റി ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും AAIB അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ സാങ്കേതിക പരിശോധനകളും വിശദമായ അന്വേഷണവും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *