Blog Post

Karanavars > News > Fire > ഉത്തർപ്രദേശ് പടക്കശാലാ സ്ഫോടനം: ഉടമയെ ഏറ്റുമുട്ടലിലൂടെ പിടിയിൽ

ഉത്തർപ്രദേശ് പടക്കശാലാ സ്ഫോടനം: ഉടമയെ ഏറ്റുമുട്ടലിലൂടെ പിടിയിൽ

ഉത്തർപ്രദേശിലെ കൗശാംബിയിലുണ്ടായ ഭീകരമായ പടക്കനിർമ്മാണശാലാ സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ഫാക്ടറി ഉടമയുമായ നൗഷാദ് പോലീസ് ഏറ്റുമുട്ടലിൽ പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൗശാംബിയിലെ സയ്യിദ് സരാവാൻ മേഖലയിൽ വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലുണ്ടായത്.

പ്രയാഗ്രാജ്-കൗശാംബി അതിർത്തിയിലെ മനോരി മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാശം വിതച്ച ആ വലിയ സ്ഫോടനം നടന്നത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.

സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തെ നിരവധി വീടുകൾ പൂർണ്ണമായും തകർന്നു തരിപ്പണമാവുകയും ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി നാല് പ്രത്യേക പോലീസ് സംഘങ്ങളാണ് തിരച്ചിൽ നടത്തിവന്നിരുന്നത്. ഇതിനിടയിൽ ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ നൗഷാദ് പ്രദേശം വിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെയും എസ്.ഒ.ജി സംഘത്തെയും കണ്ടു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിന് നേരെ വെടിയുതിർത്ത ഇയാൾ, തുടർന്ന് പോലീസ് നടത്തിയ തിരിച്ചടിയിലാണ് കാൽ വെടിയേറ്റു വീണത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയുടെ പക്കൽ നിന്ന് അനധികൃത തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യു.പി സർക്കാർ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സ്ഫോടനം നടന്ന ഫാക്ടറിയും ഉടമയുടെ ഗോഡൗണുകളും അധികൃതർ ഇതിനോടകം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കൂടാതെ കൃത്യവിലോമം കാട്ടിയതിന് പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ള ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും നടപടിക്ക് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (NSA) നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *