പെരുമാറിയെന്ന പരാതി : ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ഒപ്പമെത്തിയ ബന്ധുക്കളോടും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. രേഖ കൃഷ്ണൻ മോശമായി പെരുമാറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആരോഗ്യവകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. ഇന്നലെ പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പാതിരാത്രിയിൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിയ പനിയും ശരീരവേദനയുമുള്ള രോഗിയോട്, “ഇത് എമർജൻസിയല്ല, കാഷ്വാലിറ്റി തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ല” എന്ന് ഡോക്ടർ തട്ടിക്കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.
അർധരാത്രി കഴിഞ്ഞുള്ള സമയത്ത് ആശുപത്രിയിൽ എത്തിയതിനെതിരെയും ഡോക്ടർ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഉടൻ തന്നെ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചത്.
ആശുപത്രിയിലെത്തി സൂപ്രണ്ടിന്റെയും മറ്റ് ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രോഗികളോട് മോശമായി പെരുമാറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരോടുള്ള ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ഇത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.