Blog Post

Karanavars > News > Delhi >  ദില്ലിയിൽ ഓടുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു: ഡ്രൈവറും കണ്ടക്ടറും പിടിയിൽ

 ദില്ലിയിൽ ഓടുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു: ഡ്രൈവറും കണ്ടക്ടറും പിടിയിൽ

രാജ്യതലസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്ക് നേരെ ഞെട്ടിക്കുന്ന അതിക്രമം. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ 16 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.

പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ മെയിൻപുരിയിലുള്ള വീട്ടിൽ നിന്നും കുട്ടി വഴക്കിട്ട് ഇറങ്ങുകയായിരുന്നു. നോയിഡയിലുള്ള ബന്ധുവിനെ കാണാൻ യാത്രതിരിച്ച പെൺകുട്ടി, കനത്ത മഴയും ഇരുട്ടും കാരണം അബദ്ധത്തിൽ വഴി തെറ്റി ‘പാരി ചൗക്കിൽ’ ഇറങ്ങിപ്പെടുകയായിരുന്നു. അവിടെ ഒറ്റപ്പെട്ടുപോയ കുട്ടി നോയിഡ സെക്ടർ-63 ലേക്ക് പോകുകയായിരുന്ന ഒഴിഞ്ഞ സ്ലീപ്പർ ബസിന് കൈകാണിച്ചു. ബസ് നോയിഡയിലേക്കാണ് പോകുന്നതെന്ന് വിശ്വസിപ്പിച്ച് ജീവനക്കാർ കുട്ടിയെ വാഹനത്തിൽ കയറ്റുകയായിരുന്നു.

എന്നാൽ നോയിഡയിലേക്ക് പോകുന്നതിന് പകരം കുട്ടിയുമായി ബസ് ഏകദേശം 47 കിലോമീറ്ററോളം സഞ്ചരിക്കുകയും, ഇതിനിടയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് പ്രതികൾ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തെ ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി വൈകിയ വേളയിൽ ഡൽഹി കശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം റിങ് റോഡിൽ കുട്ടിയെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതികളെ തിർപൂർ മേഖലയിലെ പാർക്കിങ് കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടുകയുമായിരുന്നു. പീഡനത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾക്ക് കൈമാറി. 2012 ലെ നിർഭയ സംഭവത്തിന് ശേഷം രാജ്യത്ത് കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും, തലസ്ഥാനത്ത് യാത്രാവേളകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *