ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിനൊരുങ്ങി ദുബായ്. യു.എസ്രോയുടെ സ്വന്തം ദേശീയ കാർഡ് പേയ്മെന്റ് സംവിധാനമായ ‘ജയ്വാൻ’ (Jaywan) ദുബായുടെ ഔദ്യോഗിക സ്മാർട്ട് പ്ലാറ്റ്ഫോമായ ‘ദുബായ് പേ’-യുമായി സംയോജിപ്പിക്കുന്നു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഡിജിറ്റൽ നയത്തിന്റെ ഭാഗമാണിത്.
രാജ്യത്തെ മൊത്തത്തിലുള്ള സാമ്പത്തിക ഇടപാടുകളിൽ 90 ശതമാനവും ഡിജിറ്റൽ വഴിയാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കടകളിൽ പണം നൽകുന്നത് മുതൽ സർക്കാർ സേവനങ്ങൾക്കും ബില്ലുകൾ അടയ്ക്കുന്നതിനും ഇനി പൂർണ്ണമായും ഈ ആധുനിക സംവിധാനം പ്രയോജനപ്പെടുത്താം.
പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് അതിവേഗം ചുവടുവെക്കുന്നതിന്റെ ഭാഗമായി, ഇന്ന് ദുബായ് ഭരണകൂടം ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും ലളിതവുമായ ഡിജിറ്റൽ പേയ്മെന്റ് രീതികളാണ് ഉറപ്പുനൽകുന്നത്. ഇടപാടുകളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും, ചെലവുകൾ കുറയ്ക്കുന്നതിനും, ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്നതിനും ജയ്വാൻ-ദുബായ് പേ സംയോജനം വഴി സാധിക്കും.
ചെറുകിട വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ഡിജിറ്റൽ വിപ്ലവം വിഭാവനം ചെയ്തിരിക്കുന്നത്. ആഗോളതലത്തിലെ മുൻനിര ഫിനാൻഷ്യൽ ഹബ്ബായി ദുബായെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പുകൂടിയാണിത്.