വൻ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും കരകയറും മുമ്പ് നേപ്പാളിൽ വീണ്ടും പ്രളയഭീതി. ടിബറ്റ് അതിർത്തിയിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിലെ ഭോതെ കോശി, ത്രിശൂലി നദിക്കരകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രധാമന്ത്രി ബാലെൻ ഷാ ഉൾപ്പെടെയുള്ള ഭരണാധികാരികളും ദുരന്ത നിവാരണ സേനയും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ഹിമാലയൻ മേഖലയിലുണ്ടായ വൻ ഹിമാപാതത്തെ തുടർന്ന് ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ വലിയ തടസ്സങ്ങളും ജലസ്രുതങ്ങളും രൂപപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ടിബറ്റിലെ ജലസംഭരണിക്ക് വീണ്ടും തകർച്ച സംഭവിച്ചതോടെ ഡാമുകൾ തുറന്നുവിട്ടതുപോലെ വെള്ളം കുതിച്ചെത്തുകയായിരുന്നു. ഇതേതുടർന്ന് നദീതീരങ്ങളിൽ തുടർന്നുകൊണ്ടിരുന്ന രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകി.
നൂറുകണക്കിന് ആളുകളുടെ ജീവഹാനിക്കിടയാക്കിയ മുൻ പ്രളയത്തിന്റെ ദുരിതങ്ങൾ മായുന്നതിന് മുൻപാണ് അടുത്ത ദുരന്തമുഖം എത്തിയിരിക്കുന്നത്. റസുവ, നുവാക്കോട്ട്, ധാഡിംഗ് തുടങ്ങിയ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സ്ഥിതിഗതികൾ ഗുരുതരമായതിനാൽ ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളും ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ജനങ്ങൾ യാതൊരു കാരണവശാലും നദിക്കരകളിലേക്ക് പോകരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.