Blog Post

Karanavars > News > Keralam > പ്രതിപക്ഷ ഉപനേതാവ് പദവി : സിപിഐ നിർണ്ണായക തീരുമാനത്തിലേക്ക്

പ്രതിപക്ഷ ഉപനേതാവ് പദവി : സിപിഐ നിർണ്ണായക തീരുമാനത്തിലേക്ക്

കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽ.ഡി.എഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് കനക്കുന്നു. പദവി സംബന്ധിച്ച് സമഗ്രവും നിർണ്ണായകവുമായ തീരുമാനം കൈക്കൊള്ളാൻ സിപിഐ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ നടത്തിയ പരസ്യമായ വാക്‌പോരുകൾ മുന്നണിയിലെ ഭിന്നത പരസ്യമാക്കിയിരിക്കുകയാണ്.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് പാർട്ടി സംസ്ഥാന നേതൃത്വമുള്ളത്. എന്നാൽ, ഈ പദവി സിപിഎം തന്നെ കൈയ്യാളുമെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രഖ്യാപനമാണ് കടുത്ത തർക്കങ്ങൾക്ക് വഴിവെച്ചത്. മുന്നണി മര്യാദകൾ ലംഘിച്ചുള്ള ഈ ഏകപക്ഷീയ നിലപാടിനെതിരെ സിപിഐ മുഖപത്രത്തിലൂടെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടിയായി സിപിഐയുടെ അടിത്തറ ചോദ്യം ചെയ്ത് സിപിഎം നേതാക്കളും രംഗത്തെത്തിയത് മുന്നണിയിൽ വലിയ അസ്വസ്ഥതകളാണ് സൃഷ്ടിച്ചിരിക്കുന്നത്..

ഇന്നലെയും ഇന്നുമായി തുടരുന്ന ഈ വാക്പോരുകൾ ഇടതുമുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. പദവി വിട്ടുകിട്ടിയില്ലെങ്കിൽ നിയമസഭയിൽ സ്വന്തം നിലയിൽ ബ്ലോക്കായി ഇരിക്കുകയോ മുന്നണി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുകയെന്ന കടുത്ത നിലപാടുകളിലേക്ക് സിപിഐ കടക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വിഷയം ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്ക് നീളുമെന്നാണ് സൂചന. പ്രശ്നം പരിഹരിക്കാൻ സി.പി.എം-സി.പി.ഐ നേതൃതലത്തിൽ ഉടൻ തന്നെ ഉന്നത ചർച്ചകൾ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *