Blog Post

Karanavars > News > International > രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി കടൽക്കൊള്ളക്കാർ;  22 ഇന്ത്യക്കാരെ ബന്ദികളാക്കി

രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി കടൽക്കൊള്ളക്കാർ;  22 ഇന്ത്യക്കാരെ ബന്ദികളാക്കി

അറേബ്യൻ സമുദ്രത്തിലും ആഫ്രിക്കൻ തീരങ്ങളിലും വീണ്ടും കടൽക്കൊള്ളക്കാരുടെ ഭീഷണി ശക്തമാകുന്നു. യെമൻ, സോമാലിയ തീരങ്ങളിൽ നിന്നായി രണ്ട് വാണിജ്യ ചരക്കുകപ്പലുകൾ സായുധരായ കടൽക്കൊള്ളക്കാർ റാഞ്ചി. രണ്ട് കപ്പലുകളിലുമായി ആകെ 22 ഇന്ത്യന്‍ പൗരന്മാരാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഈ ആഴ്ച ആദ്യം മുതൽ നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് കപ്പലുകൾ റാഞ്ചപ്പെട്ടത്.

ഏദൻ ഉൾക്കടലിൽ യെമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ആദ്യ സംഭവം നടന്നത്. എറിത്രിയയുടെ പതാകയേന്തിയ ‘എം.ടി. സിബു 1’ (MT Sibu 1) എന്ന എണ്ണ ഉൽപ്പന്ന ടാങ്കറാണ് ആറ് സായുധരായ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. ഈ കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 16 പേരും ഇന്ത്യൻ പൗരന്മാരാണ്. സിറിയ, സുഡാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ മറ്റ് ജീവനക്കാർ. ജീവനക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരമെങ്കിലും കപ്പലിന്റെ നിലവിലെ കൃത്യമായ സ്ഥിതിവിവരങ്ങൾ അധികൃതർ കാത്തിരിക്കുകയാണ്.

രണ്ടാമത്തെ സംഭവത്തിൽ സോമാലിയയിലെ പുണ്ട്‌ലാൻഡ് തീരത്തുനിന്നാണ് കാമറൂൺ പതാകയുള്ള ‘എം.വി. ലുതുഫ്’ (M/V LUTUF) എന്ന ചരക്കുകപ്പൽ കൊള്ളക്കാർ പിടിച്ചെടുത്തത്. തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളുമായി സഞ്ചരിച്ച ഈ കപ്പലിൽ 6 ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

കടലിൽ സജീവമാകുന്ന പുതിയ കൊള്ളസംഘങ്ങൾ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിനായി മാരിടൈം അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റും ബന്ധപ്പെട്ട ഏജൻസികളും ഓൺലൈൻ സംവിധാനങ്ങൾ വഴി വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ നയപരമായ നീക്കങ്ങൾ പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *