ശബരിമല തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി, നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ നിർമ്മിക്കണമെന്ന ശക്തമായ ആവശ്യവുമായി ബി.ജെ.പി. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ ഇത് സംബന്ധിച്ച ഔദ്യോഗിക നിവേദനം കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന് നേരിട്ട് കൈമാറിയത്.
പാർട്ടി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി എന്നിവർ തയ്യാറാക്കിയ സമഗ്രമായ റിപ്പോർട്ടും പദ്ധതിയുടെ വിശദാംശങ്ങളും അടങ്ങിയ നിവേദനമാണ് കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് കൊച്ചിയിലോ തിരുവനന്തപുരത്തോ ഇറങ്ങി മണിക്കൂറുകളോളം റോഡ് മാർഗം യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് പുതിയ നിർദ്ദേശം വഴി ഒഴിവാക്കാനാകുമെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
തിരുപ്പതി, ഷിർടി മാതൃകയിൽ മികച്ച വ്യോമയാന ബന്ധം ഉറപ്പാക്കുന്നത് പത്തനംതിട്ടയുടെയും സമീപ ജില്ലകളുടെയും വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ. ഏകദേശം 3,000 ഏക്കറോളം വരുന്ന കൊടുമൺ എസ്റ്റേറ്റ് ഭൂമി ഈ പദ്ധതിക്കായി പരിശോധിക്കണമെന്നും, ഗ്രീൻഫീൽഡ് എയർപോർട്ട് പോളിസിയുടെ കീഴിൽ വിഷയം പരിഗണിക്കണമെന്നുമാണ് ബി.ജെ.പിയുടെ പ്രധാന ആവശ്യം. വരും ദിവസങ്ങളിൽ കേരള സർക്കാരുമായി കൂടിയാലോചിച്ച് പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.