ഇറാനെ സാമ്പത്തികമായി പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി വ്യാപാരബന്ധമോ സാമ്പത്തിക ഇടപാടുകളോ പുലർത്തുന്ന ഏത് രാജ്യവും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധ നടപടികൾക്കാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഇറാനെതിരെ ‘ഇക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇറാനിലേക്ക് പണമൊഴുക്കുന്നതോ മറ്റ് സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിന്റെയും ബിസിനസുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മേൽ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നാണ് പ്രധാന മുന്നറിയിപ്പ്. ഇറാനുമായി എണ്ണക്കച്ചവടമോ പണമിടപാടുകളോ നടത്തുന്ന രാജ്യങ്ങളും കമ്പനികളും കനത്ത സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനിലേക്കുള്ള എണ്ണക്കടത്ത്, കറൻസി കൈമാറ്റങ്ങൾ, ഫ്രണ്ട് കമ്പനികൾ, ഷിപ്പ് രജിസ്ട്രികൾ എന്നിവ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനെതിരെ ലോക രാജ്യങ്ങളും സഖ്യകക്ഷികളും ഒന്നിച്ച് നിൽക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. ഇറാൻ നയതന്ത്ര ചർച്ചകളുടെ അവസരങ്ങൾ പാഴാക്കിയെന്നും, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ആഗോളതലത്തിൽ ഇറാൻ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ സഖ്യകക്ഷികളുടെ സഹകരണത്തോടെയുള്ള ഈ സാമ്പത്തിക യുദ്ധം നിർണായകമാണെന്നാണ് വാഷിംഗ്ടണിന്റെ ഔദ്യോഗിക നിലപാട്. പുതിയ ഉപരോധ പ്രഖ്യാപനം ആഗോള വിപണിയിലും എണ്ണവിലയിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.