ഇന്നലെ രാവിലെയാണ് ലോകത്തെ ഞെട്ടിച്ച ഈ ദാരുണമായ ഹെലികോപ്റ്റർ അപകടം കെനിയയിൽ ഉണ്ടായത്. കെനിയയിലെ സാമ്പുരു കൗണ്ടിയിൽ മൗണ്ട് ഒലോലോക്വെയ്ക്ക് സമീപമാണ് യുറോക്കോപ്റ്റർ ഇസി130 ബി4 (Eurocopter EC130 B4) എന്ന ഹെലികോപ്റ്റർ തകർന്നുവീണത്. ലൊയിസാബ വൈൽഡ്ലൈഫ് കൺസർവസിയിൽ നിന്ന് ഇവസോ ജിറോ നരവിലേക്ക് വിനോദസഞ്ചാര യാത്ര നടത്തുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ഹെലികോപ്റ്റർ പൂർണ്ണമായും കത്തിനശിക്കുകയും അതിലുണ്ടായിരുന്ന ആറ് യാത്രക്കാരും പൈലറ്റും ഉൾപ്പെടെ ഏഴുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു.
ഇക്വഡോറിന്റെ നാഷണൽ ഇന്റലിജൻസ് സെന്റർ ഡയറക്ടർ ജനറലും പ്രസിഡന്റ് ഡാനിയേൽ നൊബോയുടെ അടുത്ത അനുയായിയുമായ മിഷേൽ സെൻസി-കോണ്ടുഗി , അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫാനി ഹോലിഹാൻ എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടമായ പ്രമുഖർ. ഇക്വഡോർ ഭരണകൂടവും ഔദ്യോഗികമായി ഈ വിയോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ യുഎസിൽ നിന്നുള്ള അഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. പ്രമുഖ സ്പാനിഷ് മാധ്യമമായ ടെലിമുൻഡോയുടെ എക്സിക്യൂട്ടീവ് ആയ ജോസ് സുവാരസും മരിച്ചവരിൽ ഉൾപ്പെടുന്നു.
രക്ഷാപ്രവർത്തനം ദുഷ്കരം
അപകടസ്ഥലത്തെ ദുർഘടമായ ഭൂപ്രകൃതിയും കനത്ത തീയും കാരണം രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്ന് കെനിയ റെഡ് ക്രോസ് അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ചാണ് നിലവിൽ അപകടസ്ഥലത്തെ കാര്യങ്ങൾ വിലയിരുത്തുന്നതും തെരച്ചിൽ നടത്തുന്നതും. അപകടകാരണം വ്യക്തമല്ലെന്നും കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റിയും (KCAA) എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും സംയുക്തമായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.