Blog Post

Karanavars > News > Court > വീണ വിജയന് കുരുക്ക് മുറുകുന്നു: ദുബായിലേക്കുള്ള പണമിടപാടിൽ ഫെമ അന്വേഷണവുമായി ഇ.ഡി

വീണ വിജയന് കുരുക്ക് മുറുകുന്നു: ദുബായിലേക്കുള്ള പണമിടപാടിൽ ഫെമ അന്വേഷണവുമായി ഇ.ഡി

സി.എം.ആർ.എൽ – എക്‌സാലോജിക് മാസപ്പടി വിവാദ കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. ദുബായിലേക്ക് അനധികൃതമായി പണം അയച്ചതുമായി ബന്ധപ്പെട്ട് ഫെമ (FEMA) ചട്ടലംഘനം ചുമത്തിയാണ് ഇ.ഡി പുതിയ അന്വേഷണ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇ.ഡി നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.

വിവാദ കേസിന്റെ ഭാഗമായി നേരത്തെ നടത്തിയ റെയ്ഡുകളിൽ വീണയുടെ കൈപ്പടയിലുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായി ഇ.ഡി വ്യക്തമാക്കുന്നു. ദുബായിലേക്ക് ഏകദേശം 85 ലക്ഷം രൂപ (3.49 ലക്ഷം ദിർഹം) അയച്ചതിന്റെ വിവരങ്ങളും പണമിടപാടുകൾ നടത്തിയ വ്യക്തികളുടെ പേരുകളും ഈ കുറിപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, സ്വന്തം വരുതടത്തിന് അതീതമായ വലിയ സാമ്പത്തിക ഇടപാടുകൾ വീണ നടത്തിയിട്ടുണ്ടെന്നും ഫെമ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന കാര്യം ഏജൻസി ഗൗരവമായി പരിശോധിച്ചുവരികയാണ്.

കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് സേവനങ്ങളൊന്നും നൽകാതെ എക്സാലോജിക് കമ്പനി വഴി 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഈ തുകയ്ക്ക് പുറമെയാണ് അനധികൃത പണമിടപാടുകളും ഹവാല വഴിയുള്ള നീക്കങ്ങളും നടന്നിട്ടുണ്ടെന്ന തരത്തിലുള്ള തെളിവുകൾ ഇ.ഡിയുടെ കൈവശം എത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധനകൾ ശക്തമാക്കിയിരുന്നു. മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് വൈഫൈ റൂട്ടറിൽ ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ വഴി ആശയവിനിമയം നടത്തിയെന്ന വിവരവും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.

കേസിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് അന്വേഷണം നീളുന്നത് രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവന്നത് കേസിൽ പ്രതിരോധം ശക്തമാക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *