നഗരത്തിലെ കാഴ്ചപ്രേമികൾക്ക് വലിയൊരു സന്തോഷവാർത്തയാണ് മൃഗശാല അധികൃതർ പങ്കുവെച്ചിരിക്കുന്നത്. വ്യവസായി ആനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിലെ ‘വൻതാര’ റെസ്ക്യൂ സെന്ററിൽ നിന്ന് ഒരു ജോഡി സീബ്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തുന്നു. മൃഗകൈമാറ്റ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ അതിഥികളുടെ വരവ്.
കഴിഞ്ഞ 9 വർഷമായി തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യമില്ലായിരുന്നു. 2002-ൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നെത്തിയ ‘സീത’ എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് ഇവിടെ ഈ കാഴ്ചയില്ലാതായത്. എന്നാൽ ഇന്ന് മൃഗശാലയിലേക്ക് സീബ്രകൾ വീണ്ടുമെത്തുമ്പോൾ അത് സന്ദർശകർക്ക്, വിശിഷ്യാ ഓണാവധിക്കാലത്ത് വലിയൊരു വിരുന്നായിരിക്കുമെന്ന് മൃഗശാലാ അധികൃതർ വ്യക്തമാക്കുന്നു.
മൃഗകൈമാറ്റം ഇങ്ങനെ:
- വൻതാരയിൽ നിന്നും മൂന്നും അഞ്ചും വയസ്സുള്ള ഒരു ജോഡി സീബ്രകളെയാണ് റോഡ് മാർഗം തിരുവനന്തപുരത്ത് എത്തിക്കുന്നത്.
- മൂന്ന് ദിവസം നീളുന്ന യാത്രാവേളയിൽ മൃഗങ്ങളുടെ സുരക്ഷയ്ക്കായി വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒപ്പമുണ്ട്.
- പകരം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു രാജവെമ്പാലയെയും പ്രായമായ ഒരു ആൺ സിംഹവാലൻ കുരങ്ങിനെയും ഗുജറാത്തിലെ വൻതാരയിലേക്ക് അയക്കും.
കൂടാതെ, മൃഗശാലയിലേക്ക് വിദേശത്തു നിന്നും ജിറാഫിനെ എത്തിക്കാനുള്ള പ്രാരംഭ നടപടികളും ഹംപി മൃഗശാലയിൽ നിന്ന് പന്നിക്കരടിയെ കൊണ്ടുവരാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം എത്തുന്ന സീബ്രകളെ വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങി കഴിഞ്ഞു.