സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി വിവാദ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടിടങ്ങളിൽ ഒരേസമയം വ്യാപകമായ പരിശോധന ആരംഭിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നിർണായക നടപടി.
കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിയും ഡി.ടി.പി.സി. ഡെസ്റ്റിനേഷൻ മാനേജറുമായ നന്ദുലാലിന്റെ കോഴിക്കോട്ടെ വീട്ടിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുകൂടിയാണ് നന്ദുലാൽ. ഇദ്ദേഹത്തിന് പുറമെ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്റെ കരുവന്തുരുത്തിലെ വീട്, അശോകപുരത്തെ ഫ്ലാറ്റ് എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിലും ഇ.ഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്.
യാതൊരു സേവനവും നൽകാതെ കൊച്ചിയിലെ സി.എം.ആർ.എൽ (കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ്) കമ്പനിയിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് കോടികൾ കൈപ്പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) അന്വേഷണം പുരോഗമിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ളതാണ് എക്സാലോജിക് കമ്പനി.
നേരത്തെ എക്സാലോജിക് ഡയറക്ടർ ടി. വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിൽ ലഭിച്ച വിവരങ്ങളുടെയും, ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ച് എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ പ്രതികളായവർക്കെതിരെ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഇ.ഡി ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടും.