ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 67 കാരനായ ശിവൻകുട്ടി ചെട്ടിയാരെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയത് 13 വയസ്സുള്ള സ്വന്തം കൊച്ചുമകൾ നൽകിയ ക്വട്ടേഷനെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയെ വാടകവീട്ടിനുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ ആശുപത്രിയിലായതിനാൽ ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ അവസരം മുതലാക്കിയാണ് എട്ടാം ക്ലാസുകാരിയായ കൊച്ചുമകൾ ക്രൂരമായ പദ്ധതി ആസൂത്രണം ചെയ്തത്. വീടിനുള്ളിൽ സ്വർണമുണ്ടെന്ന് മനസിലാക്കി പെൺകുട്ടി തന്റെ സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ മോഷണത്തിനായി ചുമതലപ്പെടുത്തുകയായിരുന്നു. ഐഫോൺ വാങ്ങുന്നതിനായി പെൺകുട്ടിയും ബൈക്ക് വാങ്ങുന്നതിനായി മറ്റ് പ്രതികളും ചേർന്നാണ് ഈ കൊടുംപാതകത്തിന് പദ്ധതിയിട്ടത്.
വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ മോഷണശ്രമത്തിനിടയിൽ ശിവൻകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടക്കുന്ന സമയം പ്രതികൾ വീഡിയോ കോളിലൂടെ ഈ ദൃശ്യങ്ങൾ കൊച്ചുമൾക്ക് ലൈവായി കാണിച്ചുകൊടുത്തതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൃത്യത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന ആറ് പവനോളം സ്വർണാഭരണങ്ങളും പ്രതികൾ അപഹരിച്ചു.
സംഭവത്തിനുശേഷം യാതൊരു ഭാവവ്യത്യാസമുമില്ലാതെ സ്കൂളിൽ പരീക്ഷ എഴുതാൻ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതാണ് പൊലീസിൽ സംശയമുണർത്തിയത്. തുടർന്ന് നടത്തിയ ഊർജിതമായ ചോദ്യം ചെയ്യലിലാണ് കൊച്ചുമകളും കൂട്ടുകാരും ചേർന്ന് നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിടിയിലായ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് സുഹൃത്തുക്കളും 13 കാരിയായ കൊച്ചുമകളും ഉൾപ്പെടുന്ന സംഘം ഹരിപ്പാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. നാടിനെയാകെ നടുക്കിയ ഈ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.