പാർട്ടി പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുമ്പോൾ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം മതിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം. ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, അടുത്തിടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കിടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി ഹൈക്കമാൻഡ് സംസ്ഥാന ഘടകങ്ങൾക്ക് ഔദ്യോഗികമായി പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിനിടയിൽ വന്ദേമാതരം മുഴുവനായി പാടുന്നതിൽ അനിഷ്ടം പ്രകടിപ്പിക്കുകയും വിലക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും ആലാപനം തുടരുകയായിരുന്നു. എഐസിസി നിയോഗിച്ച ഗായകസംഘമാണ് ഗാനം പൂർണ്ണ രൂപത്തിൽ ആലപിച്ചത്. മുൻകാലങ്ങളിൽ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് ഔദ്യോഗിക ചടങ്ങുകളിൽ പാടാറുള്ളത്.
ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചില പ്രധാന പരിപാടികളിലും വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടത് ദേശീയതലത്തിൽ ബി.ജെ.പിയുടെ അടക്കം വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടിയിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും, ദേശീയ തലത്തിൽ വർഷങ്ങളായി തുടർന്നുപോരുന്ന കോൺഗ്രസ് നിലപാട് കർശനമായി പാലിക്കാനും ഹൈക്കമാൻഡ് ഇപ്പോൾ മുന്നോട്ടുവന്നിരിക്കുന്നത്. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ തന്നെ മതപരമായ വശങ്ങൾ കൂടി പരിഗണിച്ച് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഔദ്യോഗികമായി സ്വീകരിക്കുകയെന്ന കോൺഗ്രസ് നയം പാർട്ടി ഘടകങ്ങൾ കർശനമായി പാലിക്കണമെന്നാണ് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. സേവാദൾ നേതൃത്വവും പ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം ഹൈക്കമാൻഡിന് നൽകിയിട്ടുണ്ട്.