ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ നടന്നത് ഭീകരപ്രവർത്തനമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിലെ സഹപൈലറ്റ് നടത്തിയ അതിക്രമം ആസൂത്രിതമായ ഭീകരപ്രവർത്തനമാണെന്ന് യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ ഡോ. ഹമദ് സൈഫ് അൽ ഷംസിയാണ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 174-ലധികം യാത്രക്കാരുമായി പുറപ്പെട്ട ഫ്ലൈദുബായ് FZ1073 ബോയിങ് വിമാനത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യാത്രാമധ്യേ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് പ്രധാന പൈലറ്റായ ഇന്ത്യക്കാരനായ സ്മിത് മച്ചാറിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വിമാനം താഴേക്ക് ഇടിച്ചിറക്കി വൻ ദുരന്തം ഉണ്ടാക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
എന്നിരുന്നാലും, അതീവ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാറും മറ്റ് ക്രൂ അംഗങ്ങളും യാത്രക്കാരും ചേർന്ന് കാണിച്ച അപാരമായ ധൈര്യവും സമയോചിത ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ആക്രമണം നടത്തിയ സഹപൈലറ്റിനെ സൗദി സുരക്ഷാ സേന കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾക്കായി പിന്നീട് യുഎഇക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങളും ഏതെങ്കിലും ഭീകര സംഘടനകളുമായോ വിദേശ ശക്തികളുമായോ പ്രതിക്ക് ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ യുഎഇ അറ്റോർണി ജനറലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. പ്രാഥമിക അന്വേഷണ വിവരങ്ങൾ പുറത്തുവന്നതോടുകൂടി അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ സംഭവം. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.