Blog Post

Karanavars > News > RBI >  ആർബിഐയുടെ (RBI) പുതിയ പ്രഖ്യാപനം: ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്കാകും!

 ആർബിഐയുടെ (RBI) പുതിയ പ്രഖ്യാപനം: ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്കാകും!

ഇന്നലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, മൊബൈൽ ഫോൺ വായ്പകളുടെ തിരിച്ചടവ് കൃത്യമായി നടത്തിയില്ലെങ്കിൽ ഉപയോക്താക്കളുടെ ഉപകരണങ്ങൾ ലോക്ക് ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി. മൊബൈൽ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് രംഗത്തെത്തിയതോടെ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

പുതിയ ചട്ടപ്രകാരം, വായ്പയെടുത്ത് വാങ്ങിയ സ്മാർട്ട്‌ഫോണുകളോ ടാബ്‌ലറ്റുകളോ ലാപ്ടോപ്പുകളോ ഇഎംഐ (EMI) തുക മുടങ്ങിയാൽ റിമോട്ട് ലോക്കിംഗ് സംവിധാനം വഴി നിയന്ത്രിക്കാൻ ബാങ്കുകൾക്കും ലെണ്ടർമാർക്കും സാധിക്കും. എന്നാൽ ഈ നടപടികൾക്ക് കൃത്യമായ നിയമപരമായ നിയന്ത്രണങ്ങളുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങി 30 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇതിനുള്ള പ്രാരംഘ നടപടികൾ ആരംഭിക്കാൻ പാടുള്ളൂ. തുടർച്ചയായി 60 ദിവസത്തിലധികം തിരിച്ചടവ് വൈകിയാൽ മാത്രമെ ഉപകരണങ്ങൾ പൂർണ്ണമായി ലോക്ക് ചെയ്യാൻ കഴിയൂ.

അതേസമയം, ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും മുൻനിർത്തി ആർബിഐ ചില സുപ്രധാന ഇളവുകളും നൽകിയിട്ടുണ്ട്. ഫോൺ ലോക്ക് ചെയ്യപ്പെട്ടാലും ഇൻകമിംഗ് കോളുകൾ, എസ്എംഎസ്, എമർജൻസി എസ്ഒഎസ് സേവനങ്ങൾ എന്നിവ തടസ്സപ്പെടില്ല. കൂടാതെ വായ്പദാതാക്കൾക്ക് ഉപഭോക്താക്കളുടെ ഫോട്ടോകൾ, കോൺടാക്റ്റുകൾ, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാനുള്ള അവകാശമില്ല.

ബാങ്ക് അക്കൗണ്ടിലേക്ക് കുടിശ്ശിക തുക ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉപകരണം അൺലോക്ക് ചെയ്തു നൽകണമെന്നും, അല്ലാത്തപക്ഷം മണിക്കൂറിന് 250 രൂപ നിരപ്പിൽ ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും പുതിയ ഉത്തരവിലുണ്ട്. വായ്പകൾ കൃത്യസമയത്ത് അടച്ചു തീർക്കുന്ന സാധാരണ ഉപയോക്താക്കളെ ഈ പുതിയ മാറ്റങ്ങൾ ബാധിക്കില്ലെങ്കിലും, ഡിജിറ്റൽ ലെൻഡിംഗ് രംഗത്ത് വലിയ ചർച്ചകൾക്കാണ് ഈ തീരുമാനം വഴിവെച്ചിരിക്കുന്നത്. ഈ പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

Leave a comment

Your email address will not be published. Required fields are marked *