കേരള സർവകലാശാല ആസ്ഥാനത്ത് ഇന്ന് വൻ സംഘർഷം. എൽഎൽബി പരീക്ഷാ പുനർമൂല്യനിർണയം അവസാനിപ്പിച്ച സർവകലാശാലാ നടപടിക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചും രജിസ്ട്രാർ ഓഫീസ് ഉപരോധവുമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു നീക്കി.
സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജുകളിൽ മൂല്യനിർണയവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിദ്യാർത്ഥി വിരുദ്ധ മാറ്റങ്ങൾക്കെതിരെയാണ് ഇന്ന് എസ്എഫ്ഐ രംഗത്തെത്തിയത്. എൽഎൽബി പരീക്ഷകളിലെ നിലവിലുണ്ടായിരുന്ന റീവാലുവേഷൻ സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കിയ സർവകലാശാലാ നിലപാടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ സർവകലാശാലാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ രജിസ്ട്രാർ ഓഫീസ് ഉപരോധിക്കുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ച പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരമുഖത്ത് പ്രക്ഷോഭം നടത്തിയ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാർത്ഥികളുടെ ഭാവി വെച്ചുള്ള കളിയാണ് സർവകലാശാല നടത്തുന്നതെന്നും, എൽഎൽബി പുനർമൂല്യനിർണയം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. സർവകലാശാലാ ക്യാമ്പസിൽ നിലവിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.