കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് “ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന് കത്തെഴുതിവെച്ച് നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യക്കായുള്ള പൊലീസിന്റെയും ബന്ധുക്കളുടെയും അന്വേഷണം ഇന്ന് ഒരു ആഴ്ച പിന്നിടുന്നു.
കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതി മുതലാണ് 17കാരനായ ശിവസൂര്യയെ കാണാതായത്. മൊബൈൽ ഗെയിം പതിവാക്കിയതും അതുവഴി പണം നഷ്ടപ്പെട്ടതും പിതാവ് ജിഗീഷ് വിലക്കുകയും, കുട്ടിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടി കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയത്. ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട ശിവസൂര്യ അച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത്.
കുട്ടി പാലക്കാട് ഒറ്റപ്പാലത്ത് എത്തിയതായി സമൂഹമാധ്യമങ്ങൾ വഴി ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് ചൊക്ലി പൊലീസ് അവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ വിവരങ്ങൾ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. തലശ്ശേരി എസ്.പിയുടെ പ്രത്യേക സ്ക്വാഡും ചൊക്ലി പൊലീസും ചേർന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവെങ്കിലും കുട്ടിയെക്കുറിച്ച് ഇതുവരെയും നിർണായകമായ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസിപ്പോൾ.