ഇന്നലെ ധാക്കയില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കൈമാറ്റം സംബന്ധിച്ച ആവശ്യം ബംഗ്ലാദേശ് സര്‍ക്കാര്‍ വീണ്ടും ശക്തമാക്കിയത്. ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ ദിനേഷ് ത്രിവേദിയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് നടത്തിയ ചര്‍ച്ചയിലാണ് ഈ വിഷയം മുഖ്യ ചര്‍ച്ചയായത്.
മുന്‍കൂട്ടി അനുമതി നല്കാതെയുള്ള ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ പ്രസ്താവനകളും മാധ്യമ ഇടപെടലുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ജഡ്ജ്മെന്റുകളെയും രാജ്യത്തിന്റെ ഭരണഘടനയെയും അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ അനുവദിക്കരുതെന്നും ധാക്ക ആവശ്യപ്പെട്ടു.
2024-ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ ഷെയ്ഖ് ഹസീനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ബംഗ്ലാദേശ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഹസീനയെ എത്രയും വേഗം വിട്ടുനൽകണമെന്ന ഔദ്യോഗിക ആവശ്യം ബംഗ്ലാദേശ് നയതന്ത്ര തലത്തില്‍ പലതവണ ഉന്നയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി നേതാവ് ഷഹീദ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പിടിയിലായ പ്രതികളെ കൈമാറണമെന്ന ആവശ്യവും യോഗത്തില്‍ ബംഗ്ലാദേശ് ആവര്‍ത്തിച്ചു. നയതന്ത്രപരമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാന്‍ ഈ വിഷയങ്ങളില്‍ അനുകൂലമായ നടപടി വേണമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിലപാട്.